വേനൽ കാലത്തെ വെയിലും ചൂടും പൊടിക്കാറ്റും ആരോഗ്യത്തിന് ഉണ്ടാകുന്ന പ്രയാസങ്ങൾ വളരെ വലുതാണ്. തൊലിപ്പുറത്തുണ്ടാകുന്ന ചെറിയ ചൂടുകുരു മുതൽ മരണത്തിനു കാരണമായേക്കാവുന്ന സൂര്യാഘാതം വരെ വേനൽക്കാല രോഗങ്ങളിൽ കണ്ടുവരാറുണ്ട്. സമയോചിതമായ മുൻകരുതലുകൾ എടുക്കുകയാണെങ്കിൽ ഇത്തരം അപകടങ്ങളിൽ നിന്ന് നമുക്ക് രക്ഷനേടാനാകും.
ചൂടിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷനേടാൻ എടുക്കേണ്ട മുൻകരുതലുകൾ
- നേരിട്ടുള്ള സൂര്യൻറെ താപം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
- കടയിൽ പോകുക, മുറ്റമടിക്കുക തുടങ്ങിയ പുറത്തുനിന്ന് ചെയ്യേണ്ട ജോലികൾ വെയിൽ ചൂട് ആവുന്നതിനു മുൻപ്/ വെയിൽ ചൂടാറിയതിനു ശേഷം മാത്രം ചെയ്യാൻ ശ്രദ്ധിക്കുക.
- ഉച്ചസമയത്ത് അനിവാര്യമായും പുറത്ത് ഇറങ്ങേണ്ടവർ, സൂര്യന്റെ നേരിട്ടുള്ള പ്രകാശമേൽകാത്തിരിക്കുന്നതിനുവേണ്ടി കുട, തൊപ്പി എന്നിവ ഉപയോഗിക്കുക. ഇളം നിറത്തിലുള്ള വലിയ കുടകൾ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ചുറ്റും കവചങ്ങൾ ഉള്ള ഹാറ്റ് മോഡൽ തൊപ്പി കൂടുതൽ സംരക്ഷണം നൽകും. ഇതും കോട്ടൺ നിർമ്മിത ഇളം നിറത്തിലുള്ളത് ആവാൻ ശ്രദ്ധിക്കുക.
- ശരീരം മുഴുവൻ മൂടുന്ന ഇളം നിറത്തിലുള്ള അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
- കണ്ണിനു പ്രയാസം ഉണ്ടാകാതിരിക്കാൻ സൺഗ്ലാസുകൾ ധരിക്കുക.
- ഉച്ച സമയത്ത് കുട്ടികൾ പുറത്ത് വെയിലത്ത് കളിക്കാൻ ഇടവരുത്തരുത്.
- വയസ്സായ വരെയും കുട്ടികളെയും വാഹനത്തിൽ ഇരുത്തി നമ്മൾ പുറത്തുപോകുമ്പോൾ വെയിൽ ഇല്ലാത്ത സ്ഥലത്താണ് പാർക്ക് ചെയ്തത് എന്ന് ഉറപ്പുവരുത്തുക.
- രാവിലെ തണലത്ത് നിർത്തിയ വാഹനം ഉച്ചക്ക് ഒരുപക്ഷേ പൊരിവെയിലത്ത് ആയിരിക്കും ഉണ്ടായിരിക്കുക. ഇങ്ങനെയുള്ള വാഹനത്തിൽ ഒറ്റയടിക്ക് കയറുന്നതിനു പകരം ഗ്ലാസുകൾ തുറന്നിട്ട് വായു സഞ്ചാരം ഉണ്ടാക്കിയതിനു ശേഷം മാത്രം കയറാൻ ശ്രമിക്കുക.
- കുട്ടികളുടെ തൊട്ടിൽ, വെയിൽ കുറഞ്ഞ ചൂടില്ലാത്ത ഭാഗത്താണ് ഇടേണ്ടത്. ചിലപ്പോൾ നമ്മൾ കുട്ടികളെ കിടത്തൂന്ന സമയത്ത് ആ ഭാഗത്ത് വെയിൽ ഉണ്ടാവില്ല. എന്നാൽ കുറച്ചു കഴിയുമ്പോൾ ആ ഭാഗം ചൂടാവുകയും കുട്ടികൾക്ക് വലിയ പ്രയാസം ഉണ്ടാക്കുകയും ചെയ്തേക്കാം. അതിനാൽ ഇക്കാര്യം എപ്പോഴും ശ്രദ്ധയിൽ ഉണ്ടായിരിക്കുക
- വാഹനങ്ങളിലും ഓഫീസിലും റൂമിലും സൂര്യതാപം നേരിട്ട് ഏൽക്കാതിരിക്കാൻ കർട്ടനുകളും മറകളും ഉപയോഗിക്കുക.
- കിടക്കുന്ന റൂമുകളിൽ ധാരാളം വായു സഞ്ചാരം ഉണ്ട് എന്ന് ഉറപ്പുവരുത്തുക. കോൺക്രീറ്റ് ഭവനങ്ങളിലെ മുകളിലെ നിലയിലാണ് കുട്ടികളെ കിടത്തുന്നത് എന്നുണ്ടെങ്കിൽ ചൂടു കൂടാൻ ഇടയുണ്ട്. ആകയാൽ, താഴെ നിലയിലേക്ക് കിടത്തിയാൽ ചൂട് കുറയാൻ സഹായകരമായിരിക്കും.
- സീലിങ് ഫാനുകൾ മുകളിലെ ചൂട് താഴേക്ക് തള്ളാൻ ഇടയുള്ളതിനാൽ ചുമരിൽ ഫാനുകൾ ഘടിപ്പിക്കുന്നത് ചൂട് നിയന്ത്രിക്കുന്നതിന് സഹായിക്കും.
വേനൽകാലത്തെ വെള്ളവും ഭക്ഷണവും - വേനൽക്കാലത്ത് സാധാരണയിൽ കവിഞ്ഞ വെള്ളം കുടിക്കണം എന്ന് പ്രത്യേകം ഉണർത്തേണ്ടത് ഇല്ലല്ലോ. രണ്ടു ലിറ്റർ ശുദ്ധമായ വെള്ളം നിർബന്ധമായും അകത്താക്കുക. ഇത് ഓരോ ആളുടെയും കായികാധ്വാനത്തിൻറെയും പ്രായത്തിനും ഏത് ഊഷ്മാവിൽ ആണ് ജോലി ചെയ്യുന്നത് എന്നതിനെയും എല്ലാം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. യാത്രയിൽ വീട്ടിൽ നിന്നും തിളപ്പിച്ചാറിയ വെള്ളം കരുതുക. ഇത് മിനറൽ വാട്ടർ സംസ്കാരത്തിൽ നിന്ന് മോചനം നേടുന്നതിനും പരിസ്ഥിതി മലിനീകരണം ഒഴിവാക്കുന്നതിനും ശുദ്ധജലം ഉറപ്പുവരുത്തുന്നതിനും സഹായിക്കും.
2.പുറമേനിന്ന് വെള്ളമോ പാനീയങ്ങൾ കുടിക്കുകയാണെങ്കിൽ അതിൽ ഉപയോഗിച്ചിരിക്കുന്ന വെള്ളം പൂർണമായും ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക. പലപ്പോഴും ജ്യൂസുകൾ കുടിക്കുമ്പോൾ നാം ശുദ്ധമായ പഴമല്ലേ അതിൽ മലിനജലം കയറില്ലല്ലോ എന്നു കരുതി വിശ്വസിച്ച് കുടിക്കാറുണ്ട്. എന്നാൽ അതിൽ ഉപയോഗിച്ചിട്ടുള്ള ഐസ് ശുദ്ധ ജലത്തിൽ നിന്നും ഉണ്ടാക്കിയതല്ല എന്നുണ്ടെങ്കിൽ അപകടം വിളിച്ചു വരുത്തും.
3.ജ്യൂസുകൾ, മോരുവെള്ളം, നന്നാരി കൂവപ്പൊടി തുടങ്ങിയ ദാഹശമനികൾ കരിക്കു വെള്ളം പോലെയുള്ള പ്രകൃതിദത്ത പാനീയങ്ങൾ എന്നിവ ധാരാളമായി കുടിക്കുക
4.മദ്യപാനം തീർത്തും ഒഴിവാക്കുക. - ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക.
- പഴങ്ങൾ എന്ന് പറയുമ്പോൾ സാധാരണക്കാരന് അപ്രാപ്യമായ മുന്തിയ പഴങ്ങൾ ഒന്നും കരുതേണ്ടതില്ല. നമ്മുടെ വീട്ടിലുള്ള പപ്പായയും മാങ്ങയും ചക്കയും എല്ലാം തന്നെ വളരെ നല്ലതാണ്. കൂടുതൽ വെള്ളം അടങ്ങിയിട്ടുള്ള ഓറഞ്ച്, മുസംബി, മുന്തിരി, വത്തക്ക, ഉറുമാമ്പഴം എന്നിവയും ആയാൽ നല്ലത്.
പച്ചക്കറികളിലും ധാരാളം വെള്ളം അടങ്ങിയവ ആണ് നല്ലത്. മത്തങ്ങ, കുമ്പളങ്ങ, വെള്ളരിക്ക, ചിരങ്ങ എന്നിവ കൂടുതലായി ഉപയോഗിക്കുക. - മാംസാഹാരം പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. പൊരിച്ചതും കൂടുതൽ മസാല അടങ്ങിയതുമായ ഭക്ഷണങ്ങൾ പാടെ കുറയ്ക്കുക
നിങ്ങളുടെ ആരോഗ്യ സംബന്ധമായ സംശയങ്ങൾ ഇതിനു താഴെ കമൻറ് ചെയ്യുക. കഴിയും വേഗത്തിൽ മറുപടി തരുന്നതായിരിക്കും.
പൊതുജന താൽപര്യാർഥം