ഇന്നലത്തെ ദിവസം മറക്കാനാവാത്തതായിരുന്നു. കുട്ടികളില്ലാത്ത 3 ദമ്പതികളുടെ ചിരിക്കുന്ന മുഖം ഒറ്റ ദിവസം നേരിൽ കാണാനായ സന്തോഷം. ചെറിയ ജലദോഷം മുതൽ ക്യാൻസർ വരെയുള്ള രോഗികൾ ആശുപത്രിയിൽ വരാറുണ്ട്. ഇതിൽ ഏറ്റവും സമയമെടുത്ത് ചെയ്യാറുള്ളത് കുട്ടികളില്ലാത്തവരുടെ ചികിത്സയാണ്. ഒരുപാട് ചികിത്സകകളും ടെസ്റ്റുകളും ചെയ്തു മടുത്തായിരിക്കും അവർ നമ്മുടെ മുന്നിൽ വന്നിട്ടുണ്ടാവുക. നിങ്ങൾക്ക് ഇനിയും കുട്ടികളായില്ലേ/ വേറെ എന്തെങ്കിലും നോക്കിക്കൂടെ എന്നെല്ലാം ഉള്ള പരിഹാസ വാക്കുകൾ ഒരുപാട് സഹിച്ചവരുമായിരിക്കും അവർ.
അതിനാൽ തന്നെ, കുട്ടികൾ ഇല്ലാത്തവരെ ചികിത്സിക്കുമ്പോൾ, ബുക്കിൽ പഠിച്ചതെല്ലാം മാറ്റിവെച്ചുകൊണ്ട്, അവരുടെ പ്രയാസങ്ങൾ മനസ്സിലാക്കിക്കൊണ്ടും അവരിൽ ഒരാളായി കൊണ്ടും ചികിത്സിക്കാൻ ശ്രമിക്കാറുണ്ട്.
വന്ധ്യത ചികിത്സയിലുള്ളവർ വാട്സാപ്പിലോ ഫോണിലോ ബന്ധപ്പെടുമ്പോൾ കാർഡ് ടെസ്റ്റ് പോസിറ്റീവായോ എന്ന പ്രതീക്ഷയോടെയും അതോ വീണ്ടും പിരിയഡ് ആയോ എന്നുള്ള ആശങ്കയോടെയും ഒക്കെയായിരിക്കും അറ്റൻഡ് ചെയ്യുക. രാവിലെയാണ് വിളി എന്നുണ്ടെങ്കിൽ അതിരാവിലെ നടത്തുന്ന മൂത്ര ഗർഭ പരിശോധന പോസിറ്റീവായത് പറയാൻ ആയിരിക്കും വിളിക്കുന്നത്. അസമയത്താണ് എങ്കിൽ വീണ്ടും പിരിയഡ് ആയി ഡോക്ടറെ എന്ന കരച്ചിലിനായിരിക്കും കൂടുതൽ സാധ്യത.
ഇന്നലെ രാവിലെ തന്നെ കേട്ടത് അത്തരം ഒരു സന്തോഷവാർത്തയായിരുന്നു. ഗൈനക്കോളജി വിഭാഗത്തിൽ ജോബിദ ഡോക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചികിത്സയിൽ ഗർഭിണി ആയി എന്ന സന്തോഷം. അല്പം കഴിഞ്ഞപ്പോൾ മിഠായിയുമായി മറ്റൊരാൾ കൂടിയെത്തി. ചികിത്സയിലൂടെ ഗർഭിണിയായ ഭാര്യ പ്രസവിച്ചു എന്ന സന്തോഷം പങ്ക് വെക്കാൻ!!! മൂന്നാമത് വന്നത് 15 ദിവസം പ്രായമായ കുഞ്ഞുവാവയ്ക്ക് മരുന്നു വാങ്ങാനാണ്. ആ കുഞ്ഞുവാവയും ഇതുപോലെത്തെ കാത്തിരിപ്പിനും ചികിത്സക്കും ശേഷം വന്നതാണ് എന്നതറിഞ്ഞപ്പോൾ മനസ്സിൽ മൂന്നാമത്തെയും ലഡുവും പൊട്ടി !! ഈ സന്തോഷം ഇനിയും ഒരുപാട് പേർക്ക് കിട്ടണം എന്നുള്ളതുകൊണ്ട് തന്നെ, ഇതുമായി ബന്ധപ്പെട്ട കുറച്ച് യാഥാർത്ഥ്യങ്ങൾ ഇവിടെ തുറന്നു എഴുതട്ടെ.
വന്ധ്യത എന്നുള്ളത് ചികിത്സിച്ച് മാറ്റാവുന്ന ഒരു പ്രശ്നമാണ്. അറിവില്ലായ്മ മുതൽ മാനസിക സംഘർഷങ്ങളിൽ തുടങ്ങി ഭക്ഷണരീതിയും ജീവിത ശൈലിയും എല്ലാം ഇതിലേക്ക് നയിക്കാറുണ്ട്. കുറേ ടെസ്റ്റുകൾ ചെയ്യിക്കുക എന്നതിലുപരി രോഗിയുമായി വിശദമായി സംസാരിച്ചു രോഗത്തിൻറെ കാരണത്തെ കണ്ടെത്തി ചികിത്സിക്കുകയാണെങ്കിൽ സന്താന സൗഭാഗ്യം നൽകാനാകും. സമൂഹത്തിൽ നിന്നുള്ള ഒരു സപ്പോർട്ട് ഇതിൽ വലിയ പ്രാധാന്യം അർഹിക്കുന്നതാണ്. അതിനാൽ, നിങ്ങളുടെ ചുറ്റിലും ഉള്ള കുട്ടികളില്ലാത്തവരുടെ കാര്യത്തിൽ സമൂഹത്തിലെ ഓരോ വ്യക്തിയും ഈ കാര്യങ്ങൾ ഗൗരവത്തോടെ ശ്രദ്ധിക്കേണ്ടതാണ്.
ജോലി ആവാത്തവനോട് ഇനിയും ജോലി ശരിയായില്ലേ എന്നും കല്യാണം ശരിയാകാത്തവനോട് നിനക്ക് ഇനിയും പെണ്ണ് കിട്ടിയില്ലേ എന്നും ചോദിക്കുന്ന പൊതുസമൂഹത്തിന്റെ ഒരു ചൊറിയൽ മനോഭാവം ഉണ്ടല്ലോ- ആ മനോഭാവത്തോടുകൂടി, അപരനെ കുത്തുമ്പോൾ ഒരു മനസ്സുഖം കിട്ടാൻ വേണ്ടി കുട്ടികൾ ഇല്ലാത്തവരെ വഴിയിൽ വച്ച് കാണുമ്പോൾ പരസ്യമായി എടാ നിനക്ക് എത്ര കുട്ടികളാണ്, ഇനിയും എന്താ ആവാത്തത് തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കാതിരിക്കുക.നിങ്ങളുടെ ഇത്തരം ചോദ്യങ്ങൾ ആയിരിക്കും കുട്ടികളില്ലാത്ത വേദനയേക്കാൾ അവർക്ക് പ്രയാസം സൃഷ്ടിക്കുന്നത് എന്ന് മനസ്സിലാക്കുക. ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് കാരണം പുറത്തേക്ക് പോലും ഞങ്ങൾ ഇറങ്ങില്ല ഡോക്ടറെ എന്ന് പറഞ്ഞ് കരഞ്ഞവർ നിരവധിയാണ്. ഒരുപാട് പേരുടെ അനുഭവം നേരിൽ കണ്ടതുകൊണ്ട് ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ്, നിങ്ങളുടെ നാക്ക് വലിയ ദ്രോഹമാണ് ഇത്തരത്തിലുള്ള രോഗികൾക്ക് ചെയ്യുന്നത്!!
ഇനി നവദമ്പതിമാരോടാണ്. പ്രായം കൂടുന്നതിനനുസരിച്ച് കുട്ടികൾ ഉണ്ടാവാനുള്ള സാധ്യത കുറഞ്ഞു വരും. വിശിഷ്യാ സ്ത്രീകളിൽ. അതിനാൽ, നിസ്സാരകാരണങ്ങൾ പറഞ്ഞ് കുട്ടികൾ ആവുന്നത് നീട്ടിവെക്കുന്നത് ഒഴിവാക്കുക. എൻറെ ചികിത്സ അനുഭവത്തിൽ കുട്ടികൾ ഇപ്പൊൾ വേണ്ട എന്ന് പറഞ്ഞ് ഗർഭധാരണം വൈകിപ്പിച്ചവരും അബോഷൻ ആക്കിയവരും പിന്നീട് കുട്ടികൾ ആവാത്തതിന്റെ പേരിൽ ഖേദിക്കുന്നത് ധാരാളം കണ്ടിട്ടുണ്ട്.
കാലം എത്ര പുരോഗമിച്ചിട്ടുണ്ടെങ്കിലും ഒരുപാട് പേർക്ക് ലൈംഗികതയെ പറ്റിയുള്ള അറിവില്ലായ്മയും തെറ്റിദ്ധാരണയും ഉണ്ട് എന്നത് യാഥാർത്ഥ്യമാണ്. വസ്ത്രരീതിയും ആഹാരരീതിയും മാനസിക സമ്മർദ്ദവും എല്ലാം വന്ധ്യതയിലേക്ക് നയിക്കുന്നുണ്ട് എന്നതും പലരും തിരിച്ചറിഞ്ഞിട്ടില്ല.
അവസാനമായി ഒരു കാര്യം കൂടി ഓർമിപ്പിക്കട്ടെ. എല്ലാ ലൈംഗിക ബന്ധവും ഗർഭധാരണത്തിലേക്ക് നയിക്കുന്നില്ല. കല്യാണം കഴിഞ്ഞ് ഒന്നോ രണ്ടോ പ്രാവശ്യം പിരീഡ് ആവുമ്പോഴേക്കും, ഞങ്ങൾക്ക് കുട്ടികളാവില്ലേ എന്ന ആശങ്കയുമായി വരുന്ന ദമ്പതികളും ഉണ്ട്. അവരോട് ഇത്രയേ പറയാനുള്ളൂ, കുട്ടികൾ ഉണ്ടാവുക എന്നുള്ളത് എണ്ണയിൽ പപ്പടം കാച്ചുന്ന പോലെയുള്ള സംഗതിയല്ല. മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ, കല്യാണം കഴിഞ്ഞ് ഒരു വർഷം കുട്ടികൾക്ക് വേണ്ടി ശ്രമിച്ചിട്ടും ആയിട്ടില്ലെങ്കിൽ മാത്രം ഈ വിഷയവുമായി ആശങ്കപ്പെട്ടാൽ മതി.
സ്നേഹത്തോടെ,
Dr. Basil Yousuf
Dr.Basil’s Homeo Hospital
Pandikkad and New Delhi
9847057590